Pages

സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തിയായി ഐ.ബി ( Madhyamam.com)

30 Jun 2013
1. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ‘ഭീകരാക്രമണ’മായി വിശേഷിപ്പിക്കപ്പെടുന്ന സംഭവമാണ് 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്‍റ് ആക്രമണം. അതില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയാണ് കശ്മീരിയായ അഫ്സല്‍ ഗുരു. (2013 ഫെബ്രുവരി ഒമ്പതിന് ഇദ്ദേഹം തിഹാര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടതായി അറിയിപ്പുണ്ടായി. മൃതദേഹം ഇതുവരെ ആരും കണ്ടിട്ടില്ല.) കശ്മീര്‍ വിഘടനവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അഫ്സല്‍ ഗുരു. പിന്നീട് അദ്ദേഹം സുരക്ഷാ സേനക്ക് മുമ്പാകെ കീഴടങ്ങി. ശേഷം കശ്മീരിലെ രഹസ്യാന്വേഷണ സേനയുടെ വിവരദാതാവ് (ഇന്‍ഫോര്‍മര്‍/മുഖ്ബിര്‍) ആയി പ്രവര്‍ത്തിക്കുകയായിരുന്നു അയാള്‍. അക്കാലയളവില്‍, താന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കശ്മീരിലെ ഫംഹാമയിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ ഡി.എസ്.പി ദവീന്ദര്‍ സിങ്ങാണ് ചില ആവശ്യങ്ങള്‍ക്കായി അഫ്സല്‍ ഗുരുവിനെ ദല്‍ഹിയിലേക്ക് അയക്കുന്നത്. അഫ്സല്‍ ദല്‍ഹിയില്‍ എത്തിയപ്പോഴേക്ക് പാര്‍ലമെന്‍റ് ആക്രമണം നടക്കുന്നു; അറസ്റ്റ് ചെയ്യപ്പെടുന്നു. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ചിലരുമായി ഗുരു ഫോണില്‍ സംസാരിച്ചതാണ് തെളിവായി പൊലീസ് നിരത്തിയത്. അതേ കോള്‍ ലിസ്റ്റില്‍ തന്നെ ദവീന്ദര്‍ സിങ്ങുമായി ഗുരു നിരവധി തവണ സംസാരിച്ചതിന്‍െറ രേഖകളുമുണ്ടായിരുന്നു. പക്ഷേ, ദവീന്ദര്‍ സിങ്ങിനെ ഇതുവരെ പാര്‍ലമെന്‍റ് ആക്രമണ കേസില്‍ ചോദ്യം ചെയ്തിട്ടില്ല. ദീര്‍ഘമായ വിചാരണയുടെ ഒരു സന്ദര്‍ഭത്തിലും അയാള്‍ സാക്ഷി യായി പോലും ഹാജരാക്കപ്പെട്ടില്ല. തീവ്രവാദത്തിനെതിരെ പോരാടുന്ന സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി നിരന്തര ബന്ധമുള്ള ഒരാള്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിയാവുന്നതെങ്ങനെ?

2. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് തീവ്രവാദികളുടെ പേരും വിലാസവും ഇതുവരെയും നമുക്കാര്‍ക്കും അറിയില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ ശ്രീകോവില്‍ ആക്രമിച്ച ആ കശ്മലര്‍ ആരെന്ന് അറിയാനുള്ള അവകാശം ഇന്ത്യക്കാര്‍ക്കില്ലേ? അവര്‍ എവിടെനിന്ന് വന്നു? അവരെ ദല്‍ഹിയില്‍ ആര്‍ എത്തിച്ചു? ഒരൊറ്റ അഫ്സല്‍ ഗുരുവിനു മാത്രം ഇതൊക്കെ ചെയ്യാന്‍ കഴിയുമോ? അദ്ദേഹത്തിന്‍െറ കൂട്ടുപ്രതികള്‍ ആരൊക്കെ? ഇനി, കൊല്ലപ്പെട്ട ഈ തീവ്രവാദികളും ഇന്‍റലിജന്‍സ് ബ്യൂറോവിന്‍െറയോ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറയോ കസ്റ്റഡിയിലുള്ള തീവ്രവാദികളോ അതോ അവരുടെ ഇന്‍ഫോര്‍മാരോ?

3. 2006 മാര്‍ച്ച് ഏഴിനാണ് വാരാണസി സ്ഫോടനം നടക്കുന്നത്. സങ്കട്മോചന്‍ ക്ഷേത്രമടക്കമുള്ള മൂന്നു ലക്ഷ്യങ്ങളിലായി നടന്ന ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം മുഹമ്മദ് സലീം സാലാര്‍ എന്നൊരാള്‍ ലഖ്നോ തെരുവില്‍ വെടിയേറ്റ് മരിക്കുന്നു. വാരാണസി സ്ഫോടനത്തിന്‍െറ സൂത്രധാരനായ ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന ഔദ്യാഗിക വിശദീകരണം വന്നു. പത്രത്തില്‍ സാലാറിന്‍െറ പടം കണ്ടപ്പോള്‍ ദല്‍ഹിയിലെ കല്‍ക്കാജിയിലെ ദരിദ്ര കോളനിയില്‍ താമസിക്കുന്ന അയാളുടെ ഭാര്യയും ബന്ധുക്കളും രംഗത്തുവന്നു. കൃത്യം ഒരു വര്‍ഷം 29 ദിവസം മുമ്പ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതാണ് തന്‍െറ ഭര്‍ത്താവെന്ന് അവര്‍ പറഞ്ഞു. അതിനുശേഷം തങ്ങളാരും അദ്ദേഹത്തെ കണ്ടിട്ടില്ല താനും. 2006 മാര്‍ച്ച് 11ന് ദല്‍ഹിയില്‍ നിന്നിറങ്ങുന്ന ഇന്ത്യന്‍ എക്സ്പ്രസ് പത്രം ഇതു സംബന്ധമായ വാര്‍ത്ത നല്‍കിയിരുന്നു. ‘പൊലീസുമായി നല്ലനിലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വിവരദാതാവ്’ ആയിരുന്നു സാലാര്‍ എന്നാണ് വാര്‍ത്ത പറയുന്നത്.

4. ‘ഭീകരാക്രമണ’ പരമ്പരയിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു 2006 ജൂണ്‍ ഒന്നിന് നടന്ന നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ആക്രമണം. ചുവപ്പ് ബീക്കന്‍ ലൈറ്റ് ഘടിപ്പിച്ച അംബാസഡര്‍ കാറില്‍ ആസ്ഥാനം ആക്രമിക്കാന്‍ വരുകയായിരുന്ന സംഘത്തെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് കഥ. അന്ന് വെളുപ്പാന്‍ കാലത്ത് നടന്ന ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, കൊല്ലപ്പെട്ട ഈ മൂന്ന് ആളുകളും ആരാണെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. അവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ഒരു മുസ്്ലിം ഖബര്‍സ്ഥാനില്‍ അടക്കുക മാത്രമാണ് ചെയ്തത്. മുംബൈ ഹൈകോടതി ജസ്റ്റിസായിരുന്ന ബി.ജി. കോല്‍സെ പാട്ടില്‍ അധ്യക്ഷനായി പി.യു.സി.എല്ലിന്‍െറ നേതൃത്വത്തിലുള്ള ഒരു ജനകീയ അന്വേഷണ കമീഷന്‍ ഈ ആക്രമണത്തെക്കുറിച്ച് പഠിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അടങ്ങുന്നതാണ് കമീഷന്‍. അവരുടെ റിപ്പോര്‍ട്ടില്‍ ‘ആക്രമണത്തില്‍’ സംശയം പ്രകടിപ്പിച്ച് 25 ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഒന്നിനുപോലും ഇതുവരെയും മറുപടിയുണ്ടായില്ല. പൊലീസ് കസ്റ്റഡിയില്‍തന്നെയുണ്ടായിരുന്ന ആളുകളെ എവിടെനിന്നോ കൊന്ന്, ആര്‍.എസ്.എസ് ഓഫിസ് പരിസരത്ത് കൊണ്ടിട്ടതാണെന്നു വരെ പ്രസ്തുത റിപ്പോര്‍ട്ടില്‍ ദൃക്സാക്ഷി മൊഴികള്‍ ഉദ്ധരിച്ച് പറയുന്നുണ്ട്. കൊല്ലപ്പെട്ടത് ആര് എന്ന് പൊലീസ് പറയാത്തിടത്തോളം കാലം ഈ നിഗമനം ഗൗരവത്തില്‍ അവശേഷിക്കും.

5. മാലേഗാവ് സ്ഫോടനത്തില്‍ പൊലീസ് പ്രധാനപ്രതിയായ അവതരിപ്പിച്ച ഒരാളായിരുന്ന അബ്ദുസ്സലാം അബ്ദുറഊഫ്. മാലേഗാവിലെ മുന്‍ പൊലീസ് അസി. കമീഷണര്‍ ക്രിഷന്‍ പ്രകാശുമായി അടുത്ത ബന്ധമുണ്ടായിരുന്ന, പൊലീസുമായി ബന്ധപ്പെട്ട അല്ലറ ചില്ലറ ജോലികള്‍ ചെയ്തുവരുന്ന ഒരാളായിരുന്നു താന്‍ എന്ന് അബ്ദുറഊഫ് തന്നെ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ നിരവധി സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകളുടെ ചില സൂചനകളാണ് മേല്‍ നല്‍കിയത്. ഏതാണ്ടെല്ലാ ഭീകരാക്രമണങ്ങളിലും കൊല്ലപ്പെട്ടവര്‍ക്കോ പിടിക്കപ്പെട്ടവര്‍ക്കോ ഏതെങ്കിലും നിലക്ക് നേരത്തേ ഇന്‍റലിജന്‍സ് ബ്യൂറോയുമായും പൊലീസിലെ സ്പെഷല്‍ സെല്ലുകളുമായും ബന്ധമുണ്ടായിരുന്നുവെന്ന് കാണാന്‍ കഴിയും. ഇവരില്‍ അധികപേരും ദരിദ്രമായ പശ്ചാത്തലങ്ങളില്‍ വളര്‍ന്നവരോ ചെറിയ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആയ മുസ്ലിം ചെറുപ്പക്കാരായിരിക്കും. അത്തരക്കാരെ കണ്ടെത്തി തങ്ങളുടെ അനൗദ്യോഗിക തൊഴിലാളികളാക്കി ഉപയോഗപ്പെടുത്തി പിന്നീട് ഭീകര ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയാണ് ഇന്‍റലിജന്‍സ് ബ്യൂറോയും ആന്‍റി ടെററിസം സ്ക്വാഡുകളും ചെയ്തുവരുന്നത്. അത്തരത്തിലുള്ള ഐ.ബി ഓപറേഷനുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇശ്റത്ത് ജഹാന്‍ ഏറ്റമുട്ടല്‍ കൊല. ഇശ്റത്ത് ജഹാനും പ്രാണേഷ് കുമാറും ഐ.ബിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്നാണ് ഇപ്പോള്‍ സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഐ.ബി ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാറും മോഡി ഭരണകൂടവും ചേര്‍ന്ന് നടത്തിയ നിഗൂഢമായ നീക്കത്തിലൂടെയാണ് ഇശ്റത്തും സംഘവും കൊല്ലപ്പെടുന്നതെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് തിഹാര്‍ ജയിലില്‍ അകപ്പെട്ട ഇര്‍ശാദ് അലി എന്ന കശ്മീരി യുവാവ് 2007 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച ഒരു കത്ത് ഐ.ബി എങ്ങനെയാണ് തീവ്രവാദികളെ സൃഷ്ടിക്കുന്നതെന്നും നിലനിര്‍ത്തുന്നതെന്നും സംഹരിക്കുന്നതെന്നും വ്യക്തമാക്കുന്നതാണ്. ദല്‍ഹി പൊലീസിലെ തീവ്രവാദി വിരുദ്ധ ഓപറേഷനുകളുടെ ചുമതലയുള്ള സ്പെഷല്‍ സെല്ലിലെ ചാരനായിരുന്നു താന്‍ എന്ന് ഇര്‍ശാദ് അലി കത്തില്‍ വ്യക്തമാക്കുന്നു. ഒരു മൊബൈല്‍ ഫോണും മാസാമാസം നല്ല തുകയും ലഭിക്കുന്നതുകൊണ്ട് തന്നെപ്പോലുള്ള ഒട്ടേറ ദരിദ്ര ചെറുപ്പക്കാര്‍ ഈ പണി ചെയ്യുന്നുണ്ടെന്നും ഇര്‍ശാദ് അലി കത്തില്‍ പറയുന്നു. ഇവരില്‍ പലരെയും തീവ്രവാദികളായി ഉപയോഗിക്കുന്നു; അത്തരക്കാരെ പാര്‍പ്പിക്കാന്‍ മാത്രമായി ദല്‍ഹിയിലും പരിസരത്തും ഐ.ബിയുടെ ഫാം ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നു. തീര്‍ന്നില്ല; തീവ്രവാദികളെ സൃഷ്ടിക്കുന്നതിനാവശ്യമായ ക്ളാസുകള്‍ സംഘടിപ്പിക്കാന്‍ മൗലവിമാരെയും ഐ.ബി തീറ്റിപ്പോറ്റുന്നുണ്ടെന്നും ഇര്‍ശാദ് കത്തില്‍ വ്യക്തമാക്കി. റീഡിഫ് ഡോട്ട് കോം, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ഇര്‍ശാദ് അലിയുടെ കത്ത് പ്രസിദ്ധീകരിച്ചിട്ടും ഇതിന് ഐ.ബിയുടെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണമുണ്ടായില്ല. പ്രധാന മന്ത്രിയും ഇര്‍ശാദിന്‍െറ കത്തിന് മറുപടി കൊടുത്തില്ല.

ഒരു ഭരണകൂട ഏജന്‍സി രാജ്യത്തെ ജനങ്ങളെ തീവ്രവാദികളാക്കി, കൊന്നു തീര്‍ക്കുന്നതിന്‍െറ ചിത്രങ്ങളാണ് ഇതെല്ലാം വരച്ചുകാണിക്കുന്നത്. ചെറുതും വലതുമായ നിരവധി സ്ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ഇത്തരം കഥകള്‍ ധാരാളമുണ്ട്. എന്‍.ഡി.എ ഭരണകാലത്ത്, എല്‍.കെ. അദ്വാനി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഈ വിധ്വംസക പ്രവര്‍ത്തനം ഏറ്റവും വ്യാപകമായത്. എന്നു മാത്രമല്ല, ബി.ജെ.പിക്കും സംഘപരിവാറിനും എന്തെങ്കിലും രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സന്ദര്‍ഭങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ ഏറിയപങ്കും നടന്നതെന്നും കാണാവുന്നതാണ്. മുമ്പ് വര്‍ഗീയ കലാപങ്ങളിലൂടെയാണ് സംഘ്പരിവാര്‍ അതിന്‍െറ രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതെങ്കില്‍ 9/11നു ശേഷം അത് ഭീകരാക്രമണങ്ങളിലേക്ക് മാറുകയായിരുന്നു. 9/11ന് ശേഷമുള്ള സവിശേഷമായ സാര്‍വദേശീയ സാഹചര്യം അതിന് ഏറെ ഗുണകരമായി. ദൃശ്യമാധ്യമങ്ങള്‍ ഏറെ സജീവവും ജനകീയവുമായ പുതിയ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ പഴയതു പോലെ സംഘടിപ്പിക്കാന്‍ പറ്റാതെവന്നതും തന്ത്രംമാറ്റാന്‍ സംഘപരിവാറിനെ പ്രേരിപ്പിച്ചിരിക്കാം. 2002ലെ ഗുജറാത്ത് കലാപമാണ് സംഘ്പരിവാര്‍ ട്രേഡ് മാര്‍ക്കുള്ള അവസാനത്തെ വര്‍ഗീയ കലാപം. അതിന്‍െറ രാഷ്ട്രീയ ആഘാതങ്ങളില്‍നിന്ന് അത് ഇതുവരെയും മുക്തമായിട്ടില്ല താനും. സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും സംഘടിപ്പിക്കുന്നതില്‍ സംഘപരിവാറിനെ ഏറ്റവും സഹായിച്ചത് ഇന്‍റലിജന്‍സ് ബ്യൂറോ ആയിരുന്നു. മോഡിയുടെ ഒരു രാഷ്ട്രീയ ആവശ്യം ഇന്‍റലിജന്‍സ് ബ്യൂറോ എങ്ങനെ നിവര്‍ത്തിച്ചു കൊടുത്തുവെന്നതിന്‍െറ ഉദാഹരണമാണ് ഇശ്റത്ത് ജഹാന്‍ കേസിലെ സി.ബി.ഐ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. ഇതാകട്ടെ, സമാനമായ ഡസന്‍ കണക്കിന് കേസുകളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്ലിം സംഘടനകളും കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

ആരോടും ഉത്തരവാദിത്തമില്ലാതെ ഒരു ‘സ്വതന്ത്ര റിപ്പബ്ളിക്’ എന്ന നിലയിലാണ് ഇന്ത്യയില്‍ ഇന്‍റലിജന്‍സ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. അധോരാജ്യം (Deep State) എന്ന് രാഷ്ട്രീയ വിശാരദന്മാര്‍ വിശദീകരിക്കുന്ന ഒരു സംവിധാനത്തിന്‍െറ രൂപത്തിലാണ് ഇന്ത്യയില്‍ അത് പ്രവര്‍ത്തിക്കുന്നത്. നിഗൂഢമായ അതിന്‍െറ പ്രവര്‍ത്തന വഴികള്‍ അറിയാനും നിയന്ത്രിക്കാനും ഇന്ത്യയില്‍ ആര്‍ക്കും കഴിയുന്നില്ല. അത്യന്തം അപകടകരമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന ഒരുപറ്റം ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുംപടി കാര്യങ്ങള്‍ ചെയ്യുന്ന സംവിധാനമാണ് അത്. തുടക്കം മുതല്‍ സംഘ്പരിവാറിന് നിര്‍ണായക സ്വാധീനമുള്ള ഏജന്‍സിയാണത്. ഐ.ബിയെ ജനാധിപത്യവത്കരിക്കുകയും പാര്‍ലമെന്‍റിന്‍െറയും രാഷ്ട്രീയ നേതൃത്വത്തിന്‍െറയും നിയന്ത്രണത്തില്‍ കൊണ്ടുവരുക മാത്രമാണ് പോംവഴി. സ്ഥാപനപരമായ അഴിച്ചുപണിക്ക് ഐ.ബിയെ വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സന്ദേശമാണ് ഇശ്റത്ത് കേസിലെ പുതിയ സി.ബി.ഐ കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.

പിന്‍കുറി1: 13 December: The Strange Case of the Attack on the Indian Parliament (Penguine Books), Who Killed Karkare? (SM Mushrif, Pharos Media), Framing Geelani Hanging Afzal; Patriotism in the Time of Terror (Nandita Haksar, Promilla & Company),അഫ്സല്‍ ഗുരു വിധി വിചാരണ ചെയ്യപ്പെടുന്നു (ലേഖന സമാഹാരം, ഐ.പി.എച്ച് കോഴിക്കോട്), ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും (എ. റശീദുദ്ദീന്‍, പ്രതീക്ഷ ബുക്സ്, കോഴിക്കോട്) എന്നീ പുസ്തകങ്ങള്‍ അവലംബിച്ചാണ് ഈ ലേഖനം തയാറാക്കിയത്. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ അണിയറക്കഥകള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അവലംബിക്കാവുന്ന മികച്ച ഗ്രന്ഥങ്ങള്‍.
പിന്‍കുറി2: തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ അഗ്രഗണ്യനായ കേരളത്തിലെ ഒരു യുവ ലീഗ് നേതാവ് ഇന്‍റലിജന്‍സ് ബ്യൂറോവിന്‍െറ വിവരദാതാക്കളില്‍ ഒരാളാണെന്ന ആരോപണം മുമ്പ് ഉയര്‍ന്നിരുന്നു. ‘അങ്ങനെയെങ്കില്‍ അതിലെന്ത് പ്രശ്നം; അതില്‍ ഞാന്‍ അഭിമാനിക്കുന്നു’വെന്നാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. ഐ.ബിയുടെ ഇന്‍ഫോര്‍മാറായി ജോലിചെയ്ത പ്രാണേഷ് കുമാര്‍ അടക്കമുള്ള ചെറുപ്പക്കാരുടെ ചരിത്രം അദ്ദേഹത്തിന് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

-സി. ദാവൂദ്
http://www.madhyamam.com/news/232462/130630

No comments:

Post a Comment