Pages

കമ്പിത്തപ്പാല്‍ ഇനി ചരിത്രത്താളുകളിലേയ്ക്ക് (Kvartha.com)

19 Jun 2013
കമ്പിത്തപ്പാല്‍ (ടെലിഗ്രാം) യുഗം അവസാനിക്കുന്നു. അതോടെ കമ്പി, കമ്പിയാപ്പീസ് എന്നീ വാക്കുകളും ചരിത്രത്താളുകളിലേയ്ക്ക് പിന്‍ മാറും. ഈ ജൂലൈ പകുതിയോടെ ഇന്ത്യയില്‍ കമ്പിത്തപ്പാല്‍ സംവിധാനം നിലയ്ക്കുമെന്ന് ബി.എസ്.എന്‍.എല്ലിന്റെ അറിയിപ്പ് വന്നു കഴിഞ്ഞു. മുമ്പത്, പി. & ടി. ആയിരുന്നുവല്ലോ-പോസ്റ്റല്‍ & ടെലിഗ്രാഫ്. അതിലെ ടെലിഗ്രാഫ് എന്ന നല്ല പാതിയാണ് ഇനിയില്ലാതാകുന്നത്.

ജന മനസുകളില്‍ നിന്നാണെങ്കില്‍, കമ്പിയെന്നേ പടിയിറങ്ങി കഴിഞ്ഞിരുന്നു. ഇന്ന് പുതിയ തലമുറയില്‍ എത്ര പേര്‍ക്കറിയാം ഈ സംവിധാനത്തെക്കുറിച്ച് എന്നൊന്ന് അന്വേഷിച്ചു നോക്കുക. ടെലിഫോണ്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ കമ്പിയുടെ പ്രസക്തി കുറഞ്ഞു വന്നു. മൊബെല്‍ വ്യാപകമായതോടെ കമ്പിയെന്നത് കമ്പിയാപ്പീസുകളില്‍ അധികമൊന്നും ചലിക്കാതെ, ഒരു മൂലയില്‍ പഴയ സ്മരണകള്‍ അവിറക്കിക്കൊണ്ട് കിടക്കുന്ന ഒരു പാവം യന്ത്രമായി. ഇന്ന് ഇന്ത്യയൊട്ടുക്കും അര രൂപ കൊണ്ട്  സന്ദേശമയക്കാന്‍ എസ്.എം.എസ്. വഴി സാധ്യമാവുമ്പോള്‍ കമ്പിയയക്കാന്‍ ആരു മെനക്കെടും, എന്തിന് മെനക്കെടണം അല്ലെ?

ഗൃഹാതുരത ഉണര്‍ത്തുന്ന ഒരുപാട് ഓര്‍മകള്‍ കമ്പിയുമായി ബന്ധപ്പെട്ട് എല്ലാര്‍ക്കും അനുസ്മരിക്കാനുണ്ടാകും. ആ സംവിധാനം വിട പറയുന്ന ഈ വേളയില്‍ എന്റെ മനസിലും ചില ടട... ടക്... ടക്... ണിം... ണിം... അടിക്കുന്നുണ്ട്. കമ്പിയുണ്ടെന്ന് കേള്‍ക്കുന്ന മാത്രയില്‍ സത്യത്തില്‍ കൈപറ്റുന്ന ആളുടെ നെഞ്ചില്‍ മരണ മണിയാണ് മുഴങ്ങുന്നത്. ആ വരവുകള്‍  ഏറെയും ഉള്‍ക്കിടിലമാണ് ഉണര്‍ത്തിയത്. മിക്കവാറും ടെലിഗ്രാം മരണവാഹകനായി പ്രത്യക്ഷപ്പെടുന്നത് കൊണ്ടാവാം അങ്ങനെയൊരു നെഗറ്റീവ് ചിന്താഗതി ജനമനസുകളിലുറഞ്ഞു പോയത്.

പോസ്റ്റ് മാന്‍ കമ്പിയുണ്ടെന്ന് പറഞ്ഞ് സൈക്കിളിറങ്ങുന്ന മാത്രയില്‍ ഹൃദയം പെരുമ്പറയടിക്കാന്‍ തുടങ്ങും, എന്താണ് എവിടെയാണ് എന്ന സന്ദേഹത്തോടെയാവും കവര്‍ പൊട്ടിക്കുക. ഗള്‍ഫ് നാടുകളിലേയ്ക്ക് കമ്പി സന്ദേശമെത്താന്‍ കുറഞ്ഞത് മൂന്ന് പകലുകളെങ്കിലുമെടുക്കും. അത് അവിടെയെത്തിയാല്‍ പോസ്റ്റുമേന്‍ സൗകര്യമാല്ലാത്തതിലനാല്‍ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുന്നത് കൊണ്ടാണ്. ഒരിക്കല്‍ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ഉമ്മ മരിച്ച വിവരം കമ്പി മുഖേന അറിയിച്ചത് പൊല്ലാപ്പായ കാര്യം സി.എല്‍ ഹമീദ്  എന്ന എന്റെ ഒരു സുഹൃത്ത് ഈ വാര്‍ത്ത ശ്രവിച്ച് പ്രതികരിക്കവെ പറയുകയുണ്ടായി.

മദര്‍ എക്‌സ്പയേഡ് എന്നായിരുന്നു സന്ദേശം. ഗള്‍ഫിലെ സുഹൃത്തിന് വന്ന കമ്പി ഓഫീസില്‍ നിന്ന് വാങ്ങി തുറന്ന് നോക്കി, എങ്ങനെ സമാശ്വസിപ്പിക്കണെമെന്നറിയാതെ, ഒരുവിധം സഹചര്യം കൈകാര്യം ചെയ്ത് അവസാനം കൂട്ടനിലവിളിയൊക്കെ കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അയച്ച വ്യക്തിയുടെ ഉമ്മയാണ് മരണപ്പെട്ടതെന്ന് മനസിലാകുന്നത്. ചുരുക്കെഴുത്ത് കൂടുതല്‍ ചുരുങ്ങുമ്പോള്‍ വരുന്ന അപകടമാണത്. മൈ മദര്‍ എക്‌സ്പയേഡ് എന്നതിന് പകരം മദര്‍ എക്‌സ്പയേഡ് എന്ന് എഴുതി അയച്ചാല്‍ ഇങ്ങനെയാവും സംഭവിക്കുക.

വ്യക്തിപരമായും കുറെ അനര്‍ത്ഥങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് എന്റെ ഓര്‍മ്മയിലുണ്ട്. എണ്‍പതുകളില്‍ മുംബൈയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യവെ എനിക്ക് ഒരത്യാവശ്യമായി നാട്ടില്‍ വരേണ്ടി വന്നു. വീട്ടിലെത്തി ഏതാനും നിമിഷങ്ങള്‍ക്കകം അതാ  കാക്കിയുടുപ്പുകാരന്‍ സൈക്കിളില്‍ വന്ന് വീടിനു മുന്നില്‍. അയാള്‍ ഒരു ടെലിഗ്രാമുണ്ടെന്ന് പറഞ്ഞു. സ്വാഭാവികമായും ഞാന്‍ മാത്രമല്ല വീട്ടുകാരാകെ പരിഭ്രാന്തരായി. തുറന്ന് നോക്കിയപ്പോള്‍ ഉടനെ ഒരത്യാവശ്യമായി മുംബൈയിലെത്തണം. ആ സന്ദേശത്തില്‍ പറഞ്ഞ കാര്യത്തിന്  കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍, കാണാതായപ്പോഴാണ് അത് താമസിക്കുമെന്ന് കരുതി നാട്ടിലേയ്ക്ക് ബസ് കയറിയത്.

അങ്ങനെ രാവിലെ വന്നു. വൈകീട്ട് തിരിച്ചു മുംബൈയിലേയ്ക്ക് വണ്ടി കയറി. എത്തി എല്ലാരുടേയും മുഖത്ത് നോക്കിയപ്പോഴാണ് എന്തോ പന്തി കേടുണ്ടെന്ന് തോന്നിയത്. ചെറിയ സ്‌പെല്ലിങ് മിസ്റ്റെയ്ക്ക് തന്നെയാണ് ഇവിടെയും വിനയായത്. ഫോണ്‍ ബുക്ക് ചെയ്ത് സംസാരിച്ച് ക്ലിയര്‍ ചെയ്യാതിരുന്ന വിഡ്ഢിത്തമോര്‍ത്ത് ഏറെ ചിരിച്ചു കുഴഞ്ഞു പോയിരുന്നു. ഈ കമ്പി നിമിത്തം കൂട്ടക്കരച്ചിലുകള്‍, തെളിഞ്ഞ കൂട്ടച്ചിരികളായി മാറിയ സന്ദര്‍ഭങ്ങള്‍ എത്രയെങ്കിലുമുണ്ടാകും ചരിത്രത്തില്‍...

എന്റെ വിവാഹം എണ്‍പതുകളിലാണ് നടന്നത്. ഗള്‍ഫ് നാടുകളിലും മുംബൈയിലും എനിക്കന്ന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. വളരെ അടുത്തവര്‍. അവര്‍ക്കെല്ലാം ഞാന്‍ ക്ഷണക്കത്തയച്ചിരുന്നു. വിവാഹ ദിവസം രാവിലെ ടെലിഗ്രാമുകളുടെ പ്രവാഹം. ഒപ്പിട്ടു വാങ്ങുന്ന സീന്‍ അന്നത്തെ കുട്ടികളും മുതിര്‍ന്നവരും നോക്കി നില്‍ക്കുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്.

ആദ്യത്തേതൊന്ന് പൊട്ടിച്ചു വായിച്ചു നോക്കി. പിന്നെ വായിച്ചു നോക്കാനെവിടെ സമയം? ഒക്കെ ചുരുട്ടിക്കൂട്ടി അലമാരയിലിട്ട് പൂട്ടി. അടുത്ത ദിവസങ്ങളിലേതോ ഒന്നില്‍ ഭാര്യയോടൊപ്പമിരിക്കുമ്പോള്‍ ഓരോന്നായി എടുത്ത് വായിച്ചു രസിച്ചത് ഇപ്പോള്‍ ഈ കാല്‍ നൂറ്റാണ്ടിനിപ്പുറമിരുന്ന് അതയച്ചവരെ നന്ദിയോടെ സ്മരിക്കാനിടയാക്കുന്നു. അതിലെ ഏറ്റവും വലിയ സന്ദേശം ഇങ്ങനെയായിരുന്നു. മേ ഹെവന്‍സ് ചോയ്‌സെസ്റ്റ് ബ്ലെസിങ്‌സ് ബീ ഷോവേഡ് ഓണ്‍ യു യങ് കപ്ള്‍സ്.
 
ആദ്യമായി ഗള്‍ഫിലേയ്ക്ക് പോകാന്‍ വേണ്ടി മുംബൈയില്‍ ചെന്ന് ഇന്റര്‍വ്യൂ കഴിഞ്ഞദിവസം ഓഫീസില്‍ നിന്ന് പറഞ്ഞു- ഇനി നാട്ടില്‍ പോയിക്കോളൂ. എപ്പോഴും റെഡിയായിരിക്കണം. ടെലിഗ്രാം കിട്ടി ഇങ്ങോട്ട് പുറപ്പെട്ടാല്‍ മതി. ആഴ്ചകള്‍ക്ക് ശേഷം ഒരുച്ചയ്ക്ക് റീച്ച് ബോംബെ ബൈ- ഒരു തിയ്യതിയും. യുവര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് കണ്‍ഫേംഡ് ഫോര്‍ തൊട്ടടുത്ത മറ്റൊരു തിയ്യതിയും കുറിച്ച കുറിമാനം ഏതോ ഒരു ലക്ഷ്യ ബോധം പോലെ കൈയില്‍ വന്നു.


എന്തൊരു സന്തോഷമായിരുന്നു ആ കുറിയ സന്ദേശങ്ങള്‍ അന്ന് നല്‍കിയതെന്നോ? അയല്‍ക്കാര്‍ വന്നന്വേഷിക്കുന്നു- കമ്പി വന്നു അല്ലെ? അതെ നാളെ പുറപ്പെടണം. മുംബൈയില്‍ ഒരു പകലും ഒരു രാത്രിയും തങ്ങേണ്ടി വരും. ഞായറാഴ്ച രാത്രി ഫ്‌ളൈറ്റ്. അങ്ങനെയെത്ര മുഹൂര്‍ത്തങ്ങള്‍ക്കിടയിലേയ്ക്കാണ് കമ്പിയെന്ന ആ സന്ദേശം എത്തിയിരുന്നത്?  ജീവിതത്തെ തച്ചുടയ്ക്കുന്ന ദുഃഖ വാര്‍ത്തയുമായി  അല്ലെങ്കില്‍ അതിരില്ലാത്ത സന്തോഷത്തിന് തിരികൊളുത്തുന്ന സന്ദേശവുമായി. ഒന്നുകില്‍ ആ അതിഥി എത്തിയ ഉടനെ കൂട്ട നിലവിളി. അല്ലെങ്കില്‍  ആഹ്‌ളാദത്തിന്റെ അലതല്ലല്. ഒരു കാക്കിയുടുപ്പുകാരന്‍ സൈക്കിളില്‍ നേരിട്ടു വരികയായിരുന്നു ആദ്യമൊക്കെ. അതും പ്രധാന തപ്പാലാപ്പീസില്‍ നിന്ന്. പിന്നീട് ടെലിഗ്രാം നാട്ടു തപ്പാലാപ്പീസ് വഴിയും കിട്ടുകയായി.

കമ്പിയുമായി ബന്ധപ്പെട്ട്,  സി എല്‍ ജോസിന്റെ ഒരു നാടകമുണ്ട്.  ഒരു കുടുംബത്തിന് വന്ന കമ്പി സന്ദേശം തെറ്റായി വായിച്ചത് മൂലമുണ്ടാകുന്ന പൊല്ലാപ്പാണ് അതിന്റെ ഇതിവൃത്തമെന്ന് നേരിയ ഓര്‍മ്മ. പഴയകാല കഥകളിലും നോവലുകളിലും വലിയ ട്വിസ്റ്റിന് കാരണമായ കഥാപാത്രമാണ് ടെലിഗ്രാം. അത് പോലെ വൈഫ് ഡെലിവേഡ് എന്ന സന്ദേശം ഉണ്ടാക്കിയ കുടുംബകലഹങ്ങള്‍ക്ക് കണക്കുണ്ടാവില്ല. കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഗള്‍ഫിലെത്തി വിരഹവേദനയ്‌ക്കൊപ്പം മധുവിധുവിന്റെ മധുരസ്മരണകളയവിറക്കിക്കഴിയുന്ന മണവാളന് വൈഫ് ഡെലിവേഡ് എന്ന കമ്പി സന്ദേശം കിട്ടിയാലത്തെ കോലാഹലം ആലോചിച്ചു നോക്കുക.

അത് പോലെ വൈഫ് ഡെലിവേഡ് ബോയ് ഗേള്‍ എന്ന തമാശയും കമ്പിയുമായി ബന്ധപ്പെട്ടത് തന്നെ. ഒക്കെ ഓര്‍മ്മയാവുകയാണ്. കമ്പിത്തപ്പാല്‍ ഇല്ലാതാവുമ്പോള്‍ കൂടെ ഇല്ലാതാകുന്നത് ഒരു ഭാഷയാണ്. ഒരു വിശേഷം ടക് ടക് ണിം ടട തുടങ്ങിയ കോഡുകളിലൂടെ അക്ഷരങ്ങളാക്കി കൂട്ടിച്ചേര്‍ത്ത് അയക്കാനും വന്ന ശബ്ദങ്ങള്‍ ഡീ കോഡ് ചെയ്ത് വാക്കുകളാക്കാനും പ്രത്യേക പരിശീലനം വേണം. അത് നല്‍കി വന്നത്  ദക്ഷിണേന്ത്യയില്‍ ബെങ്കലൂരുവിലും ചെന്നൈയിലും(?) മാത്രമാണെന്നാണ് അറിയുന്നത്. ഒരൊറ്റ ഉദാഹരണം മതി:  ഇനബിലിറ്റി റിഗ്രറ്റഡ് എന്നത്, സന്ദര്‍ഭത്തിനൊത്ത് എത്ര വലിയ ആശയമാണ് നല്‍കുന്നത് അനുഭവിച്ചെ അറിയാനൊക്കൂ... കമ്പിത്തപ്പാലാപ്പീസില്‍ ഈ ടക് ടക് ശബ്ദങ്ങള്‍ കേട്ട് ഒറ്റയ്ക്കിരുന്ന വെറുതെ ചിരിക്കുന്ന ഉദ്യോഗസ്ഥകളെ കാണാനിടയായിട്ടുണ്ട്. ഈ ഭാഷ നന്നായി വശമാണെന്നതിന്റെ പ്രതിഫലനമാണത്.

-എ.എസ്. മുഹമ്മദ്കുഞ്ഞി

http://www.kvartha.com/2013/06/end-of-era-telegrams-no-more.html

No comments:

Post a Comment